12:02pm 24 July 2026
NEWS
ഇറാനെതിരെ വൻ സൈനിക നടപടി ഉടനെന്ന് ഡൊണാൾഡ് ട്രംപ്
24/07/2026  07:52 AM IST
nila
ഇറാനെതിരെ വൻ സൈനിക നടപടി ഉടനെന്ന് ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ഇറാനെതിരെ മുമ്പ് നടത്തിയ 'ഓപ്പറേഷൻ എപിക് ഫ്യൂറി'യെക്കാൾ ശക്തമായ സൈനിക നടപടി സ്വീകരിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. വാർത്താ വെബ്സൈറ്റായ ആക്സിയോസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെ ലക്ഷ്യമിട്ട് ഇതുവരെ ഉണ്ടായതിൽ ഏറ്റവും വലിയ ആക്രമണമാണ് പരിഗണനയിലുള്ളതെന്ന് ട്രംപ് പറഞ്ഞു. അന്തിമ തീരുമാനത്തിലെത്തിയതായും ആവശ്യമായ എല്ലാ സൈനിക ഒരുക്കങ്ങളും പൂർത്തിയാക്കിയതായും അദ്ദേഹം അവകാശപ്പെട്ടു.

ഇറാൻ ചർച്ചകൾക്ക് താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കരാറിലെത്താൻ തയ്യാറാകുന്നില്ലെന്നാണ് ട്രംപിന്റെ ആരോപണം. ആവശ്യമായ സമ്മർദം ഇതുവരെ ഇറാൻ അനുഭവിച്ചിട്ടില്ലെന്ന നിലപാടാണ് അവർ സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ആവശ്യമെങ്കിൽ രണ്ട് മിനിറ്റിനുള്ളിൽ തന്നെ ഇസ്രയേൽ സൈനിക നീക്കത്തിൽ പങ്കാളിയാകാൻ തയ്യാറാകുമെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഇറാനെതിരായ നടപടിക്ക് അമേരിക്കയ്ക്ക് ഇസ്രയേലിന്റെ സൈനിക പിന്തുണ അനിവാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രയേൽ നേരിട്ട് യുദ്ധത്തിൽ ഇടപെട്ടാൽ ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതികാര ആക്രമണങ്ങൾക്ക് അത് വഴിവെച്ചേക്കാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

അതേസമയം, അന്തരിച്ച യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ അന്ത്യോപചാര ചടങ്ങിൽ പങ്കെടുക്കാനായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്ത ആഴ്ച അമേരിക്കയിലെത്തുമെന്നും, സന്ദർശനത്തിനിടെ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img